പൂജപ്പുര യിലെ യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി യിലേക്ക്.
ബാലവേദി, യുവത, വനിതാവേദി, വയോജനസൗഹാർദ്ദ സമിതി (ഹാപ്പിനസ് ഫോറം), ഫിലിം സൊസൈറ്റി, സാഹിത്യ വേദി, പ്രസാധകസംഘം എന്നിവ ഗ്രന്ഥശാലക്ക് കരുത്ത് പകരുന്നു.
മത്സരപരീക്ഷ പരിശീലനം, കുട്ടികൾക്ക് ലിറ്റിൽ തീയേറ്ററും കിഡ്സ് ലൈബ്രറിയും, ഇ വിജ്ഞാന കേന്ദ്രം, കരിയർ ഗൈഡൻസ്, പുസ്തക ചർച്ച, പുസ്തകോത്സവം, പുസ്തകക്കുറി, വീടുകളിൽ പുസ്തകം എത്തിക്കുന്ന വനിത വയോജന പുസ്തക വിതരണ പദ്ധതി, വായന വസന്തം -- വീട്ടുമുറ്റ പുസ്തകച്ചർച്ച, റീഡിംഗ് തിയേറ്റർ തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ ഗ്രന്ഥശാലയെ വേറിട്ടതാക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്താൻ പുസ്തകം എന്റെ ചങ്ങാതി എന്നൊരു കൂട്ടായ്മയും പ്രവർത്തിക്കുന്നു. മലയാളഭാഷയുടെ പ്രചാരണത്തിനായി മലയാളം മറക്കരുത് മലയാളികളെങ്കിലും, ശ്രേഷ്ഠഭാഷ മലയാളം സുഗമ പരീക്ഷ എന്നി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഗ്രന്ഥശാല അംഗങ്ങളെ ഉൾപ്പെടുത്തി
വികസനം, ക്ഷേമം, കായികം, ആരോഗ്യം, സാമ്പത്തികം, സാംസ്കാരികം, വിദ്യാഭ്യാസം എന്നിങ്ങനെ ഏഴ് സ്ഥിരം സമിതികൾ പ്രവർത്തിച്ചു വരുന്നു. ഈ സമിതികളിലൂടെ ഈ പ്രദേശത്തിന്റെ നാഡീ സ്പന്ദനം അറിഞ്ഞ് പ്രവർത്തിക്കുന്നതിന് കളമൊരുങ്ങിയിട്ടുണ്ട്.
പ്രതിവർഷം പത്തിലധികം പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് അർഹരായവരെ അംഗീകരിക്കുന്ന ഈ ലൈബ്രറിക്ക് താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം, കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്റെ പ്രഥമ ഐ വി ദാസ് പുരസ്കാരം, പൂർണ്ണ പബ്ലിക്കേഷൻസിന്റെ പ്രഥമ എൻ ഇ ബലറാം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജീവചരിത്രകാരൻ പി കെ പരമേശ്വരൻ നായർ, കവി തിരുനയിനാർകുറിച്ചി മാധവൻ നായർ, ജസ്റ്റിസ് ജി ശങ്കരപ്പിള്ള, ജസ്റ്റിസ് വേലുപ്പിള്ള, ആർ മാധവൻനായർ, തേരിവിള ശിവശങ്കരൻ നായർ, തമ്പിപ്പിള്ള , റ്റി കൃഷ്ണൻ നായർ, പൂജപ്പുര സോമൻ നായർ, കൗസ്തുഭം പി സുകുമാരൻ നായർ, കെ വാസു എന്നിവരായിരുന്നു വിവിധ കാലഘട്ടങ്ങളിൽ ഗ്രന്ഥശാലയെ നയിച്ചിരുന്നത്.
ജി രാധാകൃഷ്ണൻ (പ്രസിഡന്റ്),കെ രാജശേഖരൻ നായർ (വൈസ് പ്രസിഡന്റ്), പി ഗോപകുമാർ (സെക്രട്ടറി) എസ് വിശ്വംഭരൻ നായർ (ജോയിന്റ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായ പതിനൊന്നംഗ നിർവാഹക സമിതിയാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്.
No comments